Saturday, November 27, 2010

ഇഷ്ടദാനം

മൃത്യുവിനു ദാനം കൊടുക്കുന്ന ജീവന്‍...അതെ, ഇഷ്ടദാനം! 
കണ്ണടച്ചാലും തെളിഞ്ഞുനില്‍ക്കുന്ന നിസ്സഹായതയുടെ മുഖങ്ങള്‍... 
ചെവിയടച്ചാലും കേള്‍ക്കുന്ന വേദനയുടെ ഒടുക്കത്തിലെ തേങ്ങലുകളും നിശ്വാസങ്ങളും... നാവറുത്താലും കൈപ്പും ചവര്‍പ്പും മാത്രമുള്ള യാഥാര്‍ത്ഥ്യങ്ങള്‍...
മൂക്കടച്ചാലും പുഴുത്തുജീര്‍ണ്ണിച്ച സദാചാരങ്ങളാം വിഷപ്പുകയുടെ വീര്‍പ്പുമുട്ടലുകള്‍... 
കത്തിച്ചുകളഞ്ഞാലും വേശ്യയുടെ പ്രാണരസം ഊറ്റിക്കുടിക്കാന്‍ എത്തുന്നവന്റെ വിയര്‍പ്പുഗന്ധം പോലെ മരവിച്ചുപോകാവുന്ന ബന്ധങ്ങള്‍... 
എല്ലാം സ്വയം പ്രാണനെ ഇഷ്ടദാനം കൊടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു... 
ചേമ്പിലയിലെ വെള്ളത്തുള്ളിക്ക് ഇലയ്ക്ക് നനവുനല്‍കാന്‍ ആകില്ലല്ലോ...

Friday, November 26, 2010

ലോകത്തിന്റെ അഥിതി!

കുരുന്നേ..,നിന്റെ നിഷ്ക്കളങ്കമായ ഹൃദയം...
വേവുപകുതിയായ മാംസത്തിന്റേയും, അളിഞ്ഞുചീയുന്ന ചിന്തകളുടേയും, പ്ലാസ്റ്റിക്ക് പോലെ നശിക്കാതെ അര്‍ബ്ബുദത്തിന്റെ നേരിലേയ്ക്കു കുഴിഞ്ഞ കണ്ണ് മിഴിക്കുന്ന ഈ ലോകത്തിന്റെ അഥിതിയായി വന്നതെന്തേ?? 
നിനക്കായ് നിന്റെ അമ്മയുടെ പാല്‍ വറ്റിയ മുലകളില്‍നിന്നും ചൊരിയുന്ന ചോരയും ചലവും മാത്രം! കുടിക്കുക...നീയും മരിക്കട്ടെ...

കാലത്തിന്റെ കളിവിളക്ക്

മരണത്തിന്റെ ചൊല്ലിയാട്ടം ബാക്കിയാകുന്നു. വേഷങ്ങള്‍ അഴിച്ചുവെച്ച് വീണ്ടും രംഗത്തേയ്ക്ക് ആടിതീര്‍ന്ന ഭാവങ്ങളെ ഓര്‍മ്മിക്കാന്‍ നല്‍കിയിട്ട് പോകുന്ന ആട്ടക്കാര്‍... പക്ഷെ ഇനിയും കാലത്തിന്റെ കളിവിളക്ക് അണഞ്ഞിട്ടില്ല. മറ്റേതോ കഥ ആടാന്‍ വേണ്ടി ആട്ടക്കാരനും തയാറാകേണ്ടിവരുന്നു. കേളി തുടങ്ങുകയാണ്. കാഴ്ച്ചക്കാര്‍ കുട്ടികളായതുകൊണ്ട് ഉറക്കം പിടിച്ചിരിക്കുന്നു. രാവില്‍ താളലയഭാവങ്ങള്‍ ഒരുമിക്കുന്നു. വരൂ, നമുക്ക് ഒരുമിച്ച് ആസ്വദിക്കാം...

Thursday, November 25, 2010

യാത്ര

വീണ്ടും ഒരു യാത്ര, പോയവഴികളിലൂടെ...
ആവര്‍ത്തനവിരസതയ്ക്കുപകരം പുതുമയുടെ അനുഭവം മാത്രം!
ഏകാന്തത കൂട്ടായ യാത്രകള്‍ മടുപ്പില്ലാതെ ആവേശത്തോടെതന്നെ ഞാന്‍ ആസ്വദിക്കുന്നു.
ഓരോരുത്തരോടും യാത്രയില്‍ ഞാനറിയാതെ ഉള്‍ക്കൊണ്ട അനുഭൂതികള്‍ തികച്ചും എന്റെ സ്വകാര്യസമ്പത്തായി സ്വരുക്കൂട്ടി വെച്ചിരിക്കുകയാണ്. പിന്നത്തെ നിമിഷങ്ങള്‍ക്ക് സമ്മാനമായി നല്‍കുവാന്‍ വേണ്ടി മാത്രം!

മുത്തുകളുടെ നിറം

ചിന്നിചിതറിയ മുത്തുകള്‍ പല നിറങ്ങളിലുള്ളതെങ്കിലും, കോര്‍ക്കാന്‍ നോക്കി പലവട്ടം. എന്നാലും അവയ്ക്കിടയിലെ പൊരുത്തക്കേട് എന്താണന്ന് ഇപ്പോല്‍ മനസ്സിലാക്കുന്നു. മുത്തുകളുടെ നിറം...അത് ചിന്തകളാണ്. ഇന്നും അതിന്റെ പൊരുത്തകേടുകള്‍ തുടരുകയാണ്.

Wednesday, November 24, 2010

പിന്നെ...

“പിന്നെയെന്നുചൊല്ലി നീ
പിന്നിലേയ്കായുന്നു സഖേ

പിന്നിയിട്ടൊരാകൂന്തലില്‍ മറക്കവെ
പിന്നെ നിന്നിലൊരിളം തെന്നലായ്

പിരിയാതെ നിന്നോടടുത്തതും
പിന്നൊരിക്കലതുപോലിരുട്ടിലും

പിന്നിലെത്തി നീ കണ്‍പൊത്തവെ
പിന്നതിന്മീതെയൊരു ചുംബനം

പിണഞ്ഞുനാഗമായ് നീ എന്നെയും
പിന്നെയൊരു തേന്‍ കണം

പിച്ചകപ്പൂമണമെന്നേ പിന്നെയും
പിരിയാതെയെന്നോണം നിന്നരികിലായ്”


അസ്തിത്വം

ജീവിതം ഏകതാനതയാല്‍ നങ്കൂരമിടാത്ത കപ്പല്‍ പോലെ അലയുകയാണ്. ഒടുവില്‍ ബന്ധുത്വങ്ങളുടെ ചുഴിയില്‍ മുങ്ങിത്താണു. പിന്നെ പൊങ്ങുമോ? പൊങ്ങുമ്പോള്‍ ജീവിതം സത്യമില്ലാത്തതും പരന്ന് ആഴമറിയാത്തതും വഞ്ചനയുടേയും പ്രതികാരത്തിന്റേയും അഗ്നിപര്‍വ്വതം പേറുന്നതുമാകുന്നു. അപ്പോള്‍ മാത്രം നമ്മുടെ അസ്തിത്വം തിരിച്ചറിയപ്പെടാതെ പോകുന്നു.

Tuesday, November 23, 2010

മനസ്സ്

വൃത്തിഹീനമായ ചിന്തകളുടേയും ദുഃശ്ശകുനങ്ങളുടേയും നിരന്തരമായ ഒഴുക്ക്
മനസ്സിനെ ഭ്രാന്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.
പിന്നെ തിരികെ ശാന്തമായ താഴ്വരയിലേയ്ക്കുള്ള പ്രയാണം...
ഞാന്‍ എന്റെ മനസ്സിന്റെ അടിമയാകാന്‍ ഉദ്ദേശിക്കുന്നില്ല.


ബന്ധങ്ങള്‍ ബന്ധനങ്ങള്‍

അടക്കുംതോറും വലിപ്പംകൂടുന്ന അകല്‍ച്ചയുടെ വിടവ് കൂട്ടുകെട്ടുകളിലെ വിശ്വാസവഞ്ചനയുടെ സമാനമാണ്. പ്രതീക്ഷകളില്‍ നിന്നും പ്രതീക്ഷകളിലേയ്ക്ക് മോഹങ്ങളേയും സ്വപനങ്ങളേയും കൂട്ടുപിടിച്ച് പോകുന്നവഴിയില്‍ ഏകാന്തതമാത്രമാകും കാത്തിരിക്കുക...

ബന്ധങ്ങള്‍ ബന്ധനങ്ങളാകുമ്പോള്‍
മനസ്സിനെ അലയാന്‍ വിടുകമാത്രമാണ് ചെയ്യാനുള്ളത്. ദൂരെ മഞ്ഞുതുള്ളികള്‍ വീഴുന്നത് കണ്ട് അവയിലെ താളം സ്വയം ശരീരത്തിലേയ്ക്ക് ആവാഹിച്ച്, അതു സ്വപ്നം കണ്ട്, ലയിച്ച്, അറിയാതെ മായക്കത്തിലേയ്ക്ക് വീണുപോകണം. അതാകാം ഒരു യഥാര്‍ത്ഥ മരണം.

Monday, November 22, 2010

സ്വപ്നങ്ങളും മോഹങ്ങളും

സ്വപ്നങ്ങളും മോഹങ്ങളും എന്റേതാണെങ്കില്‍ അവയ്ക്ക് കടിഞ്ഞാണിടാന്‍ എളുപ്പമാണ്. പക്ഷെ...അവ നമ്മുടേതായാല്‍...

കാത്തിരിപ്പ്

“കാത്തിരിപ്പിന്‍ കൈയ്പ്പേറിയരുചിയെ വിമ്മിഷ്ടപെടാന്‍ ദിനമിന്നിഹതില്‍
തെല്ലൊരാശ്വാസമ്പകരാന്‍ നിനക്കായാല്‍ മമയാത്മനൊമ്പരത്തെ സമര്‍പ്പിക്കാം
പകുത്ത നിമിഷത്തിന്‍ വിലപേശി നീ എന്നില്‍ ഒരു നിര്‍വികാരമാം സന്ധ്യയെ ചാലിച്ചു
ഇന്നുമീവേളയില്‍ എന്‍സ്പര്‍ശത്തെയൊ കണ്ണീരിന്നുപ്പുനുണഞ്ഞധരം മോഹിക്കയോ
സ്വപ്നമായ് നിന്നെ പുണരുന്നതും പിന്നെ നിന്നിലലിഞ്ഞുപോം വിഷാദനിശ്വാസമാകട്ടെ
കാത്തിരിപ്പിന്‍ നൊമ്പരമിതു നമുക്കായ് പകര്‍ന്നാടും വേഷമായ്, പറയാം നിന്റെ
കാത്തിരിപ്പിന്‍ സുഖം നിന്റെ നിശ്വാസത്തിന്‍ അമ്പുതറയ്ക്കുമെന്‍ മാറിലിപ്പോള്‍
വെറുതെയാണെങ്കിലും പുതു നിശ്വാസങ്ങള്‍ക്കായി നമുക്കുകാത്തിരിക്കാം...”

Sunday, November 21, 2010

ഓര്‍മ്മ

“അരികിലായ് പിന്നെ അകലെയായ് മേയുമെന്നോര്‍മ്മകള്‍
നിന്നെയൊ നമ്മെയൊ തീണ്ടാതെപോകുമീവേളയില്‍
ഉരിയാടായ്കിലെനരികിലും പിന്നെ എന്തോ തിടുക്കത്തിലും
മനമതിന്‍ വിരഹത്തിലും ഏതോ സ്വപ്നത്തിലും
കൈയ്യെത്തിപ്പിടിക്കവെ ചിരിച്ചുകൊണ്ടകലേയ്ക്കും
വരാതെ തടയുവാനായുന്നനേരമെന്‍ അഥിതിയും
മരീചികയായ് യവൌനം കവരുമാ‍ഓര്‍മ്മകള്‍
ശേഷിക്കയായ് ഞാനുമാ‍ഓര്‍മ്മതന്‍ ഓമ്മയായ്”

കറുപ്പുനിറം

“നിറം കറുപ്പാണ് യാമിനിക്കും അവളിലെ നിഗൂഢതയ്ക്കും
നിറം കറുപ്പാണോര്‍മ്മകള്‍ക്കുമതില്‍ തെളിയാത്ത മനസ്സിനും
എന്നോതി പ്രണയത്തിന്‍ തീവ്രതയാല്‍ പെയ്ത
കണ്ണുനീരിലും കണ്ടു അതേ നിറം


കണ്ണിലെ പടര്‍ന്ന മഷിക്കോ, അങ്ങുദൂരെ
ചാലിച്ച മഴമേഘത്തിനോ കറുപ്പധികം‍?
ഇരുളിലിന്നും കറുത്ത നിഴലിനെ തിരയുന്നു
ഞാന്‍ ഒരു ചെറു നുറുങ്ങുവെട്ടമായ്”

Saturday, November 20, 2010

കാലം.....ജീവിതം....

കാലം പ്രഹസനങ്ങളുടെ ഘോഷയാത്രയ്ക്ക് സാക്ഷിയാവുന്നു. ജീവിതം ആദ്യന്തം അര്‍ത്ഥമില്ലാത്ത ആഘോഷങ്ങളുടേയും, പൊങ്ങച്ചസുഗന്ധം പരത്തുന്ന പ്രഹസനങ്ങളുടേയും, കലങ്ങപ്പെട്ടുപോയ ബുദ്ധിയുടേയും, രതിവൈകൃതങ്ങളുടേയും, കണ്ണീരിനും വേദനയ്ക്കും പങ്കുവെയ്ക്കുന്ന പെണ്‍ശരീരത്തിന്റേയും, മനുഷ്യത്വം നഷ്ടപ്പെടുന്നവന്റെ ധാര്‍ഷ്ട്യമായും, ലോഭമോഹങ്ങളുടെ കലവറയായും, മാറിന്റെ വലുപ്പവും തണുപ്പന്‍ കാമവും നിറഞ്ഞ മലീനസമായ കെട്ടിപ്പിടുത്തങ്ങളായും, ഭ്രാന്തിന്റെ മൂര്‍ദ്ധന്യത്തില്‍ പുലമ്പുന്ന സത്യമായും, മുന്നോട്ട്...വേഗമുള്ള യന്ത്രങ്ങളാല്‍ മന്തതബാധിച്ച് പുറത്തേയ്ക്കും പിന്നെ അകത്തേയ്ക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അത്മാവിന്റെ കൂട്ടുകാരന്‍

മൂകത നിറഞ്ഞ ഇരുള്‍ ചിലമ്പുകെട്ടിയാടുന്നു. ഭയം തേരുതെളിക്കുന്ന ഏകാന്തതയുടെ നിര്‍വികാരതയില്‍ ഞാന്‍ പകച്ചുനിന്നപ്പോള്‍ മൃദുലമായ്, സരസമായ്, അഗ്നിയുടെ തെളിമയായ താപത്തിന്റെ രൌദ്രതയായ്, താണ്ടവത്തിന്റെ നടമായ്, നീ വന്നു. ആവലാതികള്‍ പറഞ്ഞുതീര്‍ക്കാന്‍ വെമ്പുന്ന എന്റെ നാവിനെ, വേദനകള്‍ക്കു മാത്രം പങ്കുവെച്ചു അവ കാര്‍ന്നുതിന്നുന്ന എന്റെ മേനിയെ... നിര്‍വ്വികാരതയുടെ തടവറയില്‍ ദു:ഖചുവ നുണഞ്ഞുകിടന്ന എന്റെ മനസ്സും, പാതിമറഞ്ഞ ബുദ്ധിയും... നീ കവര്‍ന്നെടുത്തു. ഞാന്‍ നിന്റെ ഭാഗമായ് മാറി. ഇപ്പോളും ബാക്കി എന്തോ അവശേഷിക്കുന്നു...

Friday, November 19, 2010

ഭൂമിയുടെ കാത്തിരിപ്പ്...

അസ്തമയമില്ലാത്ത സൂര്യനെപ്പോലെ, പെയ്തൊഴിയാത്ത മേഘത്തേപ്പോലെ, ഗ്രീഷ്മത്തിന്റെ ദുഃഖം പോലെ, നമുക്കായി...ഒടുവില്‍ പൂമേനിയില്‍ നിന്ന് മഞ്ഞുതുള്ളികള്‍ പോലെ അടര്‍ന്നുവീഴും. പിന്നെ അവള്‍ ഭൂമിയ്ക്ക് സ്വന്തമാകും.

Thursday, November 18, 2010

കാഴ്ച്ച

കാണുന്നകാഴ്ച്ചകള്‍ കണ്ണിന്റെ കര്‍മ്മത്തിനോടുള്ള വെറുപ്പ് കൂട്ടുകയാണ്. ഇപ്പോള്‍ കണ്ണ് സ്വയം കാഴ്ച്ചകളെ മറയ്ക്കുന്നു. മുറിവിന്റെ ആഴത്തില്‍നിന്നും പുറത്തേക്കൊഴുകി കട്ടപിടിക്കുന്ന രക്തം! പിഞ്ചുശരീരം ഏറ്റുവാങ്ങേണ്ടിവരുന്ന കപടലാളിത്യത്തിന്റെ നീറ്റലുകള്‍! ഗര്‍ഭപാത്രത്തിലെ ജീവനെ പടിയടച്ചുപിണ്ഡംവയ്ക്കല്‍! നന്മയില്ലാത്തവന്‍ പകയുടെ പേറ്റുനോവ് അനുഭവിക്കുമ്പോള്‍ നന്മയോ നിസഹായതയുടെ വിഷക്കായതിന്ന് പുറത്തുവരുന്ന നുരയും പതയും നക്കുന്ന തെരുവുനായയായ് മാറുന്നു. അസഹനീയം, ഭയംങ്കരം. കണ്ണുകള്‍ ഇറുക്കി അടയ്ക്കുകതന്നെ. ഉള്ളില്‍ ഒരു വലിയ അഗ്നിപര്‍വ്വതം പുകയുകയാണ്. എല്ലാം ചാമ്പലായ്തീരാന്‍ അധികസമയം വേണോ?

Wednesday, November 17, 2010

നിഴല്‍

ജീവിതം സ്വപ്നങ്ങള്‍ മരീചികയായ് എന്നെയും നിന്നെയും മുനോട്ട് നയിക്കുന്നു. പക്ഷെ കൂട്ടുകാരാ, യാഥാര്‍ത്ഥ്യം ഇത്ര ലളിതവും, അതുപോലെ ഭികരമാവുമാണ് എന്ന് എനിക്ക് എന്നോ മനസ്സിനെ പഠിപ്പിക്കേണ്ടി വന്നു. നീ അറിയാതെപോയ ചാപല്യങ്ങള്‍, വികാരങ്ങളുടെ വേവലാതികള്‍ എല്ലാം ഞാന്‍ അറിയുന്നു. നിന്റെ മനസ്സിനെ പാകപ്പെടുത്തവേ, ഓരോന്നും നിനക്കായ് വീണ്ടും അവതരിപ്പിക്കേണ്ടിവന്നു. നിയന്ത്രിക്കാനാകാതെ നീ മനസ്സിന്റെ വഴിയില്‍ ഏകനായ് പിന്നെയും...അറിയാത്ത നിന്റെ നിഴലായ് നിന്റെ മനസ്സിനെ ഒരു മയില്‍പ്പോലെ ആകാശത്തെ കാട്ടാതെ ഞാന്‍ ഒപ്പം ഉണ്ടായിരുന്നു. ഇതാ ഇപ്പോള്‍ ഞാന്‍ അറിയുന്നു നിനക്കുനിന്റെ മനസ്സിനെ നിനക്കൊപ്പം കൈപിടിച്ചു നടക്കുന്ന കുഞ്ഞായി മാറ്റാന്‍ കഴിയുന്നു. നിഴല്‍ സഞ്ചാരം തുടരുന്നു... ദൂരെനിന്നുവന്നു കാല്‍ച്ചുവട്ടില്‍ നിന്റെ താങ്ങായി. പിന്നെ വീണ്ടും ദൂരേയ്ക്ക്. ഇന്ന് അറിയുന്നു നീ എന്റെ നിഴലാണന്ന്...

Tuesday, November 16, 2010

ഗന്ധര്‍വ്വയാമം

“യാത്രപറയാതെ പോയതില്‍ ഏറെ പരിഭവിച്ചു ഞാന്‍
അന്നേരമൊരു ഗാന്ധര്‍വ്വയാമത്തില്‍ അന്നു നിന്നേയ-
നുഗമിച്ചെങ്കിലും, ഇടനാഴിഇരുട്ടിലിപ്പോഴുമാ-
പ്രണയപാരവശ്യത്തിന്‍ സുഗന്ധമുണ്ടന്നറിഞ്ഞു ഞാന്‍“

“നീ ചാച്ചീടിലും നിന്റെ മിഴികളേല്‍പ്പിച്ച പ്രണയത്തിന്‍ മുറിവിലുമാ-
നാണത്തിന്‍ നിണത്താല്‍ നൊമ്പരത്തിന്‍ നനവറിയുന്നു ഞാന്‍
അന്നു ചിത്തത്തില്‍ വാക്കുപറഞ്ഞുപിരിയു-
മ്പോളുന്മാദമടിമയാക്കിയെന്നെയെന്നറിഞ്ഞു ഞാന്‍“

“മൌനത്തിലാണു നീ വാചാലമായതും, പിന്നെയെന്നെയറിയാതെ
പോകാനൊരുങ്ങവേ ഞാന്‍ മെല്ലെ ഓതിയോ ഓപ്പംകൂടാമെന്നുമാത്രമായ്
യാത്രപറയാതെ പിരിഞ്ഞു പാതിവഴിചെന്ന-
റിയാതെ ഞാനിതാ അലയുന്നു നിനക്കായ്“

Monday, November 15, 2010

വണ്ടിനുമാത്രം...

ഓരോ പൂവിലും തേനിന്റെ അളവു വത്യസ്ഥമാണ്. മാധുര്യവും മത്തും എത്രയുണ്ടന്ന് പൂവിനോ പൂക്കള്‍ ചൂടുന്ന ചെടിക്കോ അറിയില്ല.
വണ്ടിനു...
അവനുമാത്രമെ അത് അറിയാനും ആസ്വദിക്കാനും അനുഭവിച്ച് സ്വന്തമാക്കാനും സാധിക്കു.

Sunday, November 14, 2010

ആത്മബന്ധം

ആത്മബന്ധത്തിന്റെ വിരല്‍സ്പര്‍ശം അത്യധികമായ രസാനുഭൂതിയുടെ പ്രതിഭലനമാണ്. അപ്രതീക്ഷിതമായ വിരുന്നുപോലെ അത് നമ്മെ ആഹ്ലാദചിത്തരാക്കും. മതിവരുവോളം ആസ്വാദനത്തിന്റെ പാനപാത്രം കാലം നമുക്കുമുന്നില്‍ നീട്ടും. പിന്നെ എപ്പോഴോ അത് ആത്മബന്ധനത്തിന്റെ ലഹരിയും നിര്‍വൃതിയുമായി പരിണമിക്കും. കാലത്തിന്റെ മന്ദഹാസം അപ്പോള്‍ കാണാകും.

Saturday, November 13, 2010

മേഘകാഴ്ച്ച

വികാരങ്ങള്‍ ചക്രവാളസീമയിലെ മേഘകാഴ്ച്ച പോലെയാണ്...പെട്ടന്ന് മാറിപോകുമെന്നത് അറിയാതെനാം അത് ആസ്വദിക്കാന്‍ ശ്രമിക്കുന്നു.

Friday, November 12, 2010

ഡയറി

ജീവിതത്തിന്റെ കനത്ത മേച്ചില്പുറങ്ങളിലേയ്ക്കുള്ള ഈ യാത്രയില്‍ ഒപ്പമുള്ള യാത്രക്കാരിലേയ്ക്കും ശ്രദ്ധപതിയുന്നു. ജീവിത വീക്ഷണങ്ങള്‍ മാറിമറിയുന്നു. മനസ്സ് നിര്‍വികാരതയെ പ്രാപിക്കുന്നു. തികച്ചും യാദൃശ്ചികമായി എഴുതപ്പെടുകയാണ്. മനസ്സിലെ കോണുകളില്‍ നിറയ്ക്കപ്പെട്ടിരുന്ന ഓമ്മകള്‍ അയവിറക്കുന്നതുപോലെ ഡയറിയുടെ താളുകളില്‍ അക്ഷരങ്ങള്‍ കുടിയേറുന്നു.

Thursday, November 11, 2010

വെയില്‍

വെയില്‍ ഒരു ചെറുപ്പക്കാരന്റെ ലാഘവത്തോടെ എത്തി പെണ്‍സൌന്ദര്യം വേണ്ടുവോളം ആസ്വദിച്ച് മടങ്ങുന്നു. ഇടയ്ക്കുവന്നുപോകുന്ന വിരുന്നുകാരന്റെ പരിചയഭാവം കൂടുതലായി തോന്നുന്നു...

Wednesday, November 10, 2010

എന്നേ അറിയൂ...

പ്രണയിക്കു...
എന്നില്‍ ആ പ്രണയപരാഗം പടര്‍ന്നുതരൂ...മനസ്സിലെ മനസ്സിനെ പങ്കുവെയ്ക്കാം. അപ്പോള്‍ അവിടം നിര്‍വൃതിപൂണ്ട് ഒന്നാകും. എനിക്കായ് കരുതുന്ന പ്രണയനൊമ്പരത്തെ എന്നിലൂടെ അറിയൂ. പിന്നെ ഞാനായ് മാറൂ...

Tuesday, November 9, 2010

വണ്ടും പൂവും

നിമിഷങ്ങളുടെ താക്കോല്‍ക്കൂട്ടം നീ കൈവശപ്പെടുത്തിയപ്പോള്‍ വസന്തകാലത്തിലേയ്ക്കുള്ള വാതായനങ്ങള്‍ എനിക്കുമുന്നില്‍ മലര്‍ക്കെ തുറന്നിടുമെന്ന് എനിക്കറിയാമായിരുന്നു. നീ എനിയ്ക്കായ് കടുത്ത നിറത്തോടെയും മത്തുപിടിപ്പിക്കുന്ന മണത്തോടെയുമുള്ള പൂക്കള്‍ സമ്മാനിക്കും. പക്ഷെ എത്രയും പ്രിയമുള്ള എന്റെ കൂട്ടുകാരാ, നിനക്കായ് വെറും കടലാസുപൂക്കള്‍ മാത്രമെ ഞാന്‍ കരുതിവെച്ചുള്ളു. അതില്‍ നിന്റെ പ്രണയത്തിന്റെ അഭിനിവേശവും ആരാധനയും ഉരുക്കിയൊഴിച്ച് നിറവും സുഗന്ധവും ചാലിക്കു. നീയും ഞാനും വസന്തകാലത്തിന്റെ മടിത്തട്ടിലെ പൂവും വണ്ടുമായ് മാറട്ടെ

Monday, November 8, 2010

ദുഃഖം...

ദുഃഖമാണ് ജീവിതത്തിന്റെ സ്ഥായീഭാവം! വേദന അതിന്റെ പ്രതീകവും. കണ്ണുനീരിന്റെ മറയാല്‍ സുഖസന്തോഷങ്ങള്‍ മരുപച്ചയാല്‍ അങ്ങിങ്ങു കാണപ്പെടുന്നു. വേദനയിലൂടെ ബഹിര്‍ഗമിക്കുന്ന ദുഃഖം ജനനത്തിലും, വളര്‍ച്ചയിലും, സംയോഗത്തിലും അത് നമ്മളില്‍ നമ്മളായ് തന്നെ ഇരിക്കും. മരണമെന്ന മഹാമാന്ത്രികന്‍ അതില്‍ നിന്നും മുക്തി നല്‍കും. പക്ഷെ മരണം ദുഃത്തിന്റെ തേരിലേറി വന്ന് വേദന ബാക്കിവെച്ചു മടങ്ങും. പിന്നെ മരണപ്പെട്ടവനു ശാന്തി. അവനെ അനുഗമിക്കുന്നവര്‍ ദുഃഖിച്ചു വേദനയെ നല്‍കും.

Sunday, November 7, 2010

അവനും... ഞാനും

പാതിയടഞ്ഞ പൂമിഴിയില്‍ ആലസ്യം വണ്ടായെത്തി, കവിള്‍ത്തടത്തില്‍ പതിഞ്ഞു നേര്‍ത്ത വിരഹത്തിന്‍ ചാലുതീര്‍ക്കുമ്പോള്‍...ചുണ്ടിലമര്‍ന്ന ഓടക്കുഴലായി നിന്റെ അധരം. പകരം നിന്റെ കൈകള്‍ക്കു വീണയായി തീരാന്‍ എന്റെ ശരീരം കൊതിക്കുന്നു. സ്വച്ഛമായി നീ വലിച്ചുമീട്ടുന്ന എന്റെ ഓഡ്യാണം, കിന്നാരം പറയാത്ത അരുവിപോലെ നിന്റെ നിയന്ത്രണത്തില്‍ മേനിയില്‍ ഇക്കിളികൂട്ടി. മനമേ നിന്റെ തീവ്രമായ ദാഹത്തിനു ശരീരം മാത്രമേ നല്ല മാധ്യമമാകുന്നുള്ളു. ഇതാ ഇപ്പോള്‍ ഞങ്ങള്‍ ഒരു വെള്ളച്ചാട്ടം പോലെ വികാരങ്ങളെ ആസ്വദിക്കുന്നു. പിന്നെയോ മറ്റൊരു വെള്ളച്ചാട്ടത്തിനുവേണ്ടി മുന്നോട്ട്....അനുരാഗസാഗരം ദൂരെ ഞങ്ങള്‍ക്കായ് കാത്തിരിക്കുന്നു. ഇനി നമുക്ക് ഒന്നുകൂടി ഇഴുകിചേരാം. ഞാന്‍ നദിയായ്, അവന്‍ സാഗരവും. എന്നെ അവന്‍ സ്വീകരിച്ചു. ഞാന്‍ അവനില്‍ ലയിച്ചു. തീരം ഞങ്ങളെ കാത്തിരിക്കുന്നു പിന്നെയും...

Saturday, November 6, 2010

സന്ധ്യായാമം

സന്ധ്യ രാത്രിയില്‍ അലിഞ്ഞുപോയി...
ഒന്നില്‍ അലിഞ്ഞു മറ്റൊന്നായ് മാറുന്ന നേരങ്ങളില്‍...
ദീര്‍ഘമായ് നീളുന്ന യാമങ്ങള്‍
വെറും അസ്തമയത്തിനു മാത്രമായി കൊതിപ്പിക്കുന്നു.

Friday, November 5, 2010

പ്രഭാതസൌന്ദര്യം

രാത്രി സമ്മാനിച്ച പ്രണയലീലകളില്‍ സ്വയം മറന്നു നിന്ന പ്രകൃതിയെ ഉണര്‍ത്തി, സൂര്യന്‍ തന്റെ ആഗ്രഹമറിയിക്കുമ്പോള്‍ സന്തോഷവും അതിലേറെ നനവും തന്റെ ഹൃദയതുടിപ്പുകളില്‍ പ്രകടിപ്പിക്കുന്ന അവള്‍ എത്ര സുന്ദരിയാണിന്ന്....

Thursday, November 4, 2010

നിശാഗന്ധി

നിശബ്ദതയ്ക്കു ചുമ്പനങ്ങള്‍ നല്‍കി രാത്രി സ്വച്ഛമായ
സുഷുപ്തിയ്ക്കു വിരുന്നൊരുക്കുമ്പോള്‍....മെല്ലെ കണ്ണുതുറന്ന ഹേ നിശാ‍ഗന്ധി....നിന്റെ കാമുകനെ, നിശയുടെ തേരിലേറി വന്ന നിലാവിനെ.. ഒന്നു നോക്കു..അവന്‍ തണുപ്പിന്റെ ഇതളുകളാലുള്ള മാല നിനക്കായി കൊണ്ടുവന്നിരിക്കുന്നു. അതിന് പ്രണയത്തിന്റെ... വിരഹത്തിന്റെ.... സുഗന്ധമാണ്.
ഒടുവില്‍ നിശാഗന്ധീ നീ നിലാവിലലിയും. നിശയ്ക്കു നാണം ബാക്കിയാവും....

Wednesday, November 3, 2010

രാത്രിയുടെ മൌനം വാചാലമായ നിമിഷങ്ങള്‍!

രാത്രിക്ക് ഗൂഢമായ സൌന്ദര്യമാണ്.
അവള്‍ വേശ്യയേപ്പോലെ സ്വയം ശരീരം മറ്റുള്ളവര്‍ക്ക് വീതംവെച്ചു നല്‍കും. പക്ഷെ അവളുടെ മനസ്സ് സൂര്യനുവേണ്ടീ കാത്തിരിക്കും. അവന്റെ ആദ്യകിരണമാകുന്ന ചുംബനമേല്‍ക്കുമ്പോള്‍ അവളിലെ സ്വപ്നങ്ങളെല്ലാം ചൂടേറ്റ് വിരിഞ്ഞുനില്‍ക്കും താമരപ്പൂക്കളായി.

Tuesday, November 2, 2010

മഴയുടെ പ്രണയം

മഴ....ഭൂമിക്കുമേലെ പെയ്തിറങ്ങുന്ന മേഘത്തിന്റെ പ്രണയമാണ്.
ഭൂമിയ്ക്കുകാത്തിരിപ്പ് നല്‍കി അവളില്‍ ലയിക്കുന്ന നൊമ്പരമാണ്. മെല്ലെ തുടങ്ങി താണ്ടവമായ് മാറുന്ന താള ലയ ധ്വനിയാണ്. പ്രണയത്തിന്റെ കേളി പോലെ, നിശ്വാസത്തിന്റെ വേഗം പോലെ പെയ്തു തിമിര്‍ക്കും മഴ. ഒടുവില്‍ ആലസ്യം പൂണ്ട മേനിയില്‍ മൌനം ബാക്കിവെച്ചിട്ട് പിന്നെയും മണ്ണിന്റെ മണമറിയാന്‍ എത്തുമെന്നു പറഞ്ഞ് രൌദ്രമായി എങ്ങോട്ടോ പോയ് അകലുന്നു ബാക്കി മേഘങ്ങള്‍......

Monday, November 1, 2010

മഴഭാവങ്ങള്‍!

ചിലനേരം മഴയ്ക്ക് ഒരു കാമുകിയുടെ മട്ടാണ്....
ചിലപ്പോള്‍ പിണങ്ങി ഓടിമാറുന്ന ഒരു കുഞ്ഞിന്റെ നിഷ്കളങ്കഭാവം.....
മറ്റുചിലപ്പോള്‍ നെഞ്ചിലടിച്ചു പ്രാണന്‍ വിങ്ങുന്ന വേദനയായി തോന്നും...
വിളിക്കാതെ വന്ന അഥിതിയേപ്പോലെ വിഷണ്ണനായി പടിയിറങ്ങേണ്ടിവരുന്ന ഭാവത്തിലാവും ചിലപ്പോള്‍.
കാത്തിരിപ്പിന്റെ ആക്കം കൂടുമ്പോള്‍ ദൂരെ തിടുക്കം കൂട്ടുന്ന കാമുകനെപ്പോലെയാണ് ചിലപ്പോള്‍ മഴയുടെ ഭാവം തോന്നുക.
ചില മഴയ്ക്കു ശാന്തമായ യോഗിനീഭാവം.
എന്തോ വെട്ടിപ്പിടിക്കാനുള്ള വെമ്പലോടെ വന്ന് സ്വയം തോല്‍‌വി ഏറ്റുവാങ്ങുമീ മഴ....
ചിലനേരം ചിലനേരം തന്റെ സൌന്ദര്യം ആഗ്രഹിക്കുന്നവനെ നിലയ്ക്കാത്ത പ്രതികാരപ്രവാഹത്താല്‍ തച്ചുടക്കാനുള്ള ഭാവം.
അങ്ങിനെ മഴയ്ക്ക് എന്തെല്ലാം ഭാവങ്ങള്‍.......