Sunday, December 19, 2010

പെയ്തൊഴിഞ്ഞ മഴ

മഴ നല്ല ശക്തിയോടെ പെയ്തൊഴിഞ്ഞു. 
മഴ അങ്ങിനെയാണ്...
ആഗ്രഹങ്ങളുടെ തേര്‍ തെളിക്കുന്ന തേരാളിയായ്...
അറിയാതെ ഒപ്പം കൂടുന്ന നേരുപോലെ...
എനിക്ക് അവന്റെയൊപ്പം സാമീപ്യം തരുന്ന ഒന്നാണ് മഴ. എന്നിലെ അവന്റെ ഓര്‍മ്മകളെ പോലും മഴ അനുഗമിക്കുന്നു...
അവന്‍ എന്നപോലെ മഴയും എനിക്ക് ആവേശം പകരുന്നു...

Saturday, December 18, 2010

അനുരാഗതീരത്തെ തോണി

പ്രീയപ്പെട്ടവനേ..,മനസ്സിനെ സ്വഛതയില്‍ മേയാന്‍ വിടൂ. അത് മടങ്ങിയെത്തുമ്പോള്‍ നിനക്കായ് മധുരസ്മരണകളുടെ ചെമ്പകപൂക്കള്‍ കൊണ്ടുവരും. അതിന്റെ ഗന്ധം നിന്നെ ഉന്മാദത്തിലാക്കും. ശരീരം നിന്റെ ഉന്മാദത്തെ ഉള്‍ക്കൊള്ളും. പ്രണയപാരവശ്യത്താല്‍ നിന്റെ ചുടുരക്തം ധമനികളെ വീര്‍പ്പുമുട്ടിക്കും. ആയാസപ്പെട്ട് നീ അനുരാഗത്തീരത്തേയ്ക്ക് എത്തും. അവിടെ എന്റെ തോണി നിനക്കായ് കാത്തുകിടപ്പുണ്ടാകും. തെളിമയുള്ള ജലത്തില്‍ നീ നമ്മുടെ പ്രതിബിംബങ്ങളെ കാണും. അറിയൂ...നീ ഞാനാണന്ന്. അല്ലെങ്കില്‍ വിരഹത്തിന്റെ ഗന്ധവുമായി കാറ്റ് നിന്റെ പിറകെ വരും.

Friday, December 17, 2010

നീലഭൃഗാദി തേച്ച് നീരാട്ടിനുതെയ്യാറായി പൊയ്കയില്‍ മുഖം നോക്കുന്ന മേഘത്തെ മന്തമാരുതന്‍ തഴുകി അവന്റെ വികാരങ്ങളെ  ഘനീഭവിപ്പിക്കുന്നു. അമൃതകണങ്ങളായ് നിപതിക്കുന്ന അവയെ സ്വഛമായ് ഏറ്റുവാങ്ങി, അവയെ തന്റെ മടിത്തട്ടാകുന്ന തടാകത്തില്‍ സ്വീകരിച്ച് കൃതാര്‍ത്ഥയാകുന്നു ഭൂമി...

Thursday, December 16, 2010

കൂണ്‍

തികട്ടിവരുന്ന ഓര്‍മ്മകള്‍ കുറ്റപ്പെടുത്തുന്നത് എന്റെ ബാലിശമായ മോഹങ്ങളെയാണ്. മണ്ണിന്റെ സ്വന്തമാകാത്ത കൂണുപോലെ അവ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കും. മണ്ണിന്റെ സ്വന്തമെന്നു അഹങ്കരിക്കുന്ന വൃക്ഷങ്ങള്‍ അറിയുന്നില്ല...മണ്ണ് കൂണിനേയും സ്വന്തമാക്കുമെന്ന്...

Wednesday, December 15, 2010

സന്ധ്യയും സൂര്യനും

സന്ധ്യയുടെ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നു...കുകുമചെപ്പ് തട്ടിയിട്ട് മാനം വര്‍ണ്ണാഭമായത് ആസ്വദിക്കട്ടെ. മഴമേഘങ്ങളാല്‍ തിടുക്കത്തോടെ നഗ്നത മറയ്ക്കുന്നു അവള്‍. സൂര്യന്റെ ചുംബനങ്ങള്‍ അവളെ ചുവന്നു തുടുപ്പിച്ചു. എന്നിട്ടും അവളുടെ വിരഹം തീവ്രമായി അവശേഷിക്കുമ്പോള്‍...അതേകുകുമവര്‍ണ്ണം നിശയിലെ കറുപ്പില്‍ അലിഞ്ഞുപോകുന്നു. പോയ്‌വരൂ എന്ന് മൌനം സമ്മതമായ് നല്‍കുന്ന അവള്‍, സൂര്യന്‍ തനിക്കുനല്‍കിയ ചൂടിന്റെ കാഠിന്യമളന്ന് ആലസ്യത്തില്‍ മുടിയഴിച്ചിട്ടു വിടുക്കുമ്പോള്‍, മുഖം ലജ്ജയാല്‍ നാളെയ്ക്കുവേണ്ടി ആകാംഷ കൂട്ടുന്നു. സൂര്യാ, നീ അറിയുന്നു, ഇവിടെയായിട്ടും അവളുടെ മനസ്സും ശരീരവും നിന്റെ മാത്രം ചൂടിനായ് കാത്തിരിക്കുന്നു എന്ന്...

Tuesday, December 14, 2010

മഴയുടെ ആലസ്യം മണ്ണിന്റെ മണമായ് ഏതോ വിരസതയ്ക്കുള്ള വിരഹമായ് ഇപ്പോള്‍ എന്റെ കണ്ണുകള്‍ക്കുള്ള കാഴ്ച്ചയാകുന്നു. ഗതകാല സ്മരണയ്ക്കിപ്പുറം നിന്നു വേര്‍പെട്ട തീവ്രാനുരാഗനിമിഷങ്ങളെ താലോലിക്കുക മാത്രമെ ഇനി ചെയ്യാനാകു. ആവര്‍ത്തിക്കാനാഗ്രഹിച്ച നിമിഷങ്ങളും മഴത്തുള്ളിപോലെ മണ്ണിന്റെ...മനസ്സിന്റെ നനവായ് മാറുന്നു. ഒരിക്കല്‍ക്കൂടി ഈ മഴ ഞാന്‍ അനുഭവിച്ചറിയട്ടെ. അതില്‍ നിന്റെ പ്രണയം അലിഞ്ഞിരിക്കുന്നു. നിനക്കു തരാന്‍ മഴയുള്ള നിമിഷങ്ങളെ ഓര്‍മ്മച്ചെപ്പിലടച്ച് സൂക്ഷിക്കാം ഞാന്‍...

Monday, December 13, 2010

മോഹപ്രസാദം

ദൈവത്തിനര്‍പ്പിക്കാനുള്ള പൂക്കള്‍...അവ ഓരോന്നും പൂജാരിയുടെ വിരളുകളോട് തന്റെ ഭാഗ്യത്തെക്കുറിച്ച് പറയുന്നുണ്ടാകും. ബാക്കിയുള്ളവ തന്റെ ഊഴം കാത്തിരിക്കും. ചിലപ്പോള്‍ ഒടുവിലത്തേതാകും. പക്ഷെ...തൊഴുതുമടങ്ങുന്ന ഭക്തന്റെ കൈയ്യില്‍ അവസാനപുഷപമായിരിക്കും പ്രസാദമാവുക. ഇതുതന്നെയല്ലെ നമ്മുടെ മോഹങ്ങള്‍ക്കും സംഭവിക്കുന്നത്?

Sunday, December 12, 2010

യാമിനി, നിന്റെ ആഴത്തിലേയ്ക്ക്.. നിദ്രയ്ക്കൊപ്പം ഊളിയിടാന്‍ ശ്രമിക്കട്ടെ ഞാന്‍. നിറഞ്ഞ മനസ്സാല്‍ പഴകിപ്പോയ നിമിഷങ്ങള്‍ മുത്തും പവിഴവുമായി നിന്റെ അടിത്തട്ടിലുണ്ടാകും. നാളെ ഒരിക്കല്‍ അവ കോര്‍ത്ത് ഞാന്‍ ആഗ്രഹങ്ങളെ വരവേല്‍ക്കും. അപ്പോഴും നീ എനിക്കൊപ്പം ഉണ്ടാകും മൂകതയായ്...

Saturday, December 11, 2010

വിരഹത്തിന്റെ നിഴല്‍

നിത്യവും അറിയാത്തതിനെ പ്രണയിക്കുന്ന മനസ്സ്...തനിയേ ഓരോ നിമിഷവും അറിയാത്ത, അറിഞ്ഞിട്ടും മതിവരാത്ത മനസ്സിന്റെ തൃപ്തികേടുകള്‍! ഇനിയും എന്നെ ഞാനായ് അറിയാന്‍ നീ വെമ്പല്‍കൊള്ളുകയാണ്. നിന്റെ പ്രണയം എനിക്കുമാത്രം അവകാശപ്പെട്ടതാണ്. നീ എന്നിലെ എന്നെ ഇനിയും പ്രണയിക്കു. നീ എന്നെ നിന്നിലേയ്ക്ക് മാത്രമായ് അടുപ്പിച്ചു. പക്ഷെ ഇപ്പോഴും നിനക്കും എനിക്കുമിടയില്‍ വിരഹത്തിന്റെ നിഴല്‍ ഇരുട്ടുപരത്തുകയാണ്. സ്വപ്നങ്ങള്‍ കാണാം നമുക്ക് ആ ഇരുട്ടിലെ കുളിര്‍മ്മയില്‍ അകലങ്ങളിലിരുന്ന്...