Friday, January 28, 2011

അമ്പരപ്പ്


ആര്‍ദ്രമായ ഹൃദയസ്പര്‍ശം അറിയുമ്പോള്‍ സ്നേഹത്തോടെയുള്ള അമ്പരപ്പില്‍ മുഖം തെളിഞ്ഞു നില്‍ക്കുകയാണ്...സൂര്യന്റെ മുഖം ആ അമ്പരപ്പിന്റെ ഭാവം കാട്ടി നില്‍ക്കുന്നു.

Sunday, January 16, 2011

കരിന്തിരി

ആടുന്നവേഷങ്ങള്‍ അഴിക്കാതെ തിരശ്ശീലയ്ക്കു പുറകിലേയ്ക്ക് സ്വയം മാറുമ്പോള്‍...കളിവിളക്കില്‍ കരിന്തിരി കത്തുന്നു. കറുത്ത പുകയില്‍ എണ്ണമയം മുഖത്തെ വര്‍ണ്ണങ്ങളേയും വികൃതമാക്കുന്നു. ഇരുട്ടിലേയ്ക്ക് അങ്ങനെതന്നെ ഇറങ്ങി നടക്കട്ടെ...
അപ്പോളും കളിക്ക് അരങ്ങുകള്‍ ബാക്കിയാവുകയാണ്...

Saturday, January 15, 2011

ശലഭവര്‍ണ്ണങ്ങള്‍!

ചിത്രശലഭങ്ങള്‍...
അവ എന്നും പലതരം വര്‍ണ്ണങ്ങളെ നമ്മിലേയ്ക്ക് പകര്‍ത്തുന്നു. എത്ര സന്തോഷമാണ് അവയുടെ പാറിപറക്കലുകള്‍ നമുക്കു സമ്മാനിക്കുന്നത്. ആ നൈമിഷീകമായ സന്തോഷം ജീവിക്കാനുള്ള ആഗ്രഹത്തിനുവേണ്ടി ഞാന്‍ സൊരുക്കൂട്ടി വെയ്ക്കുന്ന നിര്‍മ്മലമായ വര്‍ണ്ണങ്ങളില്‍ ഒന്നാണ്.

Wednesday, January 12, 2011

പരിഭവിക്കുന്ന ഇലകള്‍!

നിളയുടെ കണ്ണീര്‍വറ്റിയ കണ്ണുകളേപ്പോലെ, 
നിസംഗതയോടെ സ്വകാര്യദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും ആകാതെ പെയ്യാതെപോയ മഴയോട് പരിഭവങ്ങള്‍ മാത്രം പറയുന്ന അരയാലിലകള്‍! ഇപ്പോള്‍ ഇവയുടെ മനസ്സിന്റെ താളപ്പിഴകള്‍ എനികും സ്വന്തമാകുന്നു...

Tuesday, January 11, 2011

മഞ്ഞുതുള്ളിയെപ്പോലെ...

ഇതളില്‍നിന്നും ഇറ്റുവീഴാന്‍ തുടങ്ങുമ്പോള്‍ മഞ്ഞുതുള്ളിയില്‍ ഈ പ്രകൃതി മുഴുവന്‍ പ്രതിബിംബിക്കുന്നത് എന്താണാവോ? മണ്ണിലേയ്ക്ക് പ്രണയം മുഴുവനും ഒഴുക്കിവിടാന്‍ പ്രകൃതിക്ക് നാണം! അത് ചെറിയ മഞ്ഞുതുള്ളിയിലേയ്ക്ക് ആവാഹിച്ച് മണ്ണ് സ്വന്തമാക്കുന്നു. നിന്റെ സ്നേഹം ഈ പ്രകൃതിയിലെ ഓരോ കണത്തിലേയ്ക്കും ഞാന്‍ ആവാഹിക്കുന്നു. ഇപ്പോ നീ നിന്റെ സ്നേഹം പോലെ എനിക്ക് സ്വന്തം!

Monday, January 10, 2011

ചിത്രം

വരച്ചുതീര്‍ക്കാന്‍ നോക്കുന്തോറും നിറങ്ങള്‍ പടര്‍ന്നുപോകുന്നു. അതില്‍ കറുപ്പുമാത്രം കോരിയൊഴിച്ച് ഞാന്‍ മൌനത്തിന്റെ നിറമാക്കിമാറ്റാന്‍ നോക്കുന്നു. 
പക്ഷെ...പിന്നെയും മോഹിക്കുന്നു...
ചിത്രം ഭംഗിയോടെ നിറങ്ങള്‍ മനോഹരമാക്കാന്‍ വൃദ്ധാ ശ്രമിക്കുന്നു. മനസ്സിന്റെ പച്ചപ്പില്‍ നിറമുള്ള സ്വപ്നങ്ങളെ മേയാന്‍ വിടുന്നു വീണ്ടും...

Sunday, January 9, 2011

മണ്ണിന്റെ മണം

മഴ മണ്ണിന്റെ സ്വന്തമാകുന്നു. 
സ്വരുക്കൂട്ടിവെച്ച മഴയുടെ വികാരങ്ങള്‍ മണ്ണിന്റെ ചൂടിലേയ്ക്ക് ആഴ്ന്നു പതിച്ച് മണ്ണിന്റെ മോഹത്തെ തന്റേതാക്കുന്നു...
അത് അറിയാന്‍ കഴിയുന്നില്ലെ? 
മണം...മണ്ണിന്റെ നിശ്വാസം...മഴയുടേയും...

Saturday, January 8, 2011

നീര്‍ക്കുമിളകള്‍!

ക്ഷണിക്കാതെ വിരുന്നു വരുന്ന നിമിഷങ്ങള്‍! 
കാത്തുനില്‍ക്കാതെ മനസ്സിന്റെ പടിയിറങ്ങിപോകുന്ന നിമിഷങ്ങള്‍! അതിനിടയില്‍ നമുക്ക് നിശ്വാസത്തിനോ പുഞ്ചിരിക്കോ നേരം കിട്ടുന്നില്ല. ആ ചെറിയ നേരം നിനക്കായി ഞാന്‍ നീക്കിവെച്ചിരിക്കുന്നു. എന്നത്തേയും പോലെ ദൈര്‍ഘ്യം കുറഞ്ഞുപോകുന്ന ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ നിന്റെ മനസ്സിന്റെ മേല്‍ത്തട്ടിലേയ്ക്ക് പൊന്തിവന്ന് പെട്ടന്ന് പൊട്ടിപ്പോകുന്ന നീര്‍ക്കുമിളപോലെ നീ ഇന്നും എന്നെ അറിയുന്നു. ഒരിക്കലും ആ ജലാശയത്തിന്റെ സ്വന്തമായ വെറും നീര്‍ക്കുമിളയെ നീ മോഹിക്കുന്നില്ലായെന്നും, ആ ജലാശയത്തിലേയ്ക്ക് ഇറങ്ങി അതില്‍ മൃതിയടയാന്‍ മാത്രം നീ ആഗ്രഹിക്കുന്നു എന്നും ഞാന്‍ അറിയുന്നു...

Friday, January 7, 2011

തിരിഞ്ഞുനോക്കിയപ്പോള്‍...

പാതിവഴിക്ക് ഉപേക്ഷിച്ച് മടങ്ങിപ്പോകുന്ന സ്വപ്നങ്ങളും, 
അവ എറിഞ്ഞുതന്ന മരവിപ്പിക്കുന്ന സുഗന്ധമുള്ള നൊമ്പരപൂക്കളും 
എനിക്ക് മുന്നോട്ടുപോകാനുള്ള വഴി ഏത് 
എന്ന ചോദ്യത്തിന് 
ചെറുപുഞ്ചിരി സമ്മാനിക്കുന്നു...
ഇന്നും...എന്നും