Sunday, July 8, 2012

മഴയുടെ ചൊല്ലിയാട്ടം...

ഈ യാത്രയിലും വീണ്ടും പ്രകൃതിയുടെ ആത്മനൊമ്പരങ്ങൾ
മഴത്തുള്ളികളായി എന്നെ നനയ്ക്കുന്നു. ആരുടേയൊക്കെയോ നൊമ്പരങ്ങളും ശാപവാക്കുകളും അറിയുമ്പോൾ, പ്രകൃതിയുടെ ഉൾച്ചൂട് അസഹനീയമാകുന്നു. മനുഷ്യജന്മത്തിന്റെ താളംതെറ്റിയ കർമ്മങ്ങൾ ഇനിമുതൽ കൂടുതൽ ഭിതിപ്പെടുത്തുകതന്നെചെയ്യും. താളംതെറ്റലുകളിൽ കൊടുക്കേണ്ടിവന്ന വില എന്തെന്നു് പ്രകൃതി മനുഷ്യനുവേണ്ടി ഒരിക്കൽകൂടി അരങ്ങൊരുക്കി ചൊല്ലിയാടുകയാണ്. കരിംതിരിയുടെ മനമ്മടുക്കുന്ന വാസന വീണ്ടും ഏതോ തമസിന്റെ നിഗൂഢതയെ പരിചയപ്പെടുത്തുകയാണ്. മരണത്തിനേക്കാൾ വലിയ ശാപം അനുഭവൈക്കേണ്ടതായി വരുമെന്നു് പറഞ്ഞുനിർത്തികയും ചെയ്യുന്നു.

Saturday, July 7, 2012

നിശാശലഭം

നിവർത്തിവെച്ച കുടപോലെ ഇരുൾ ആവരണമാകുമ്പോൾ...
രാവിന്റെ ശാന്തതയിൽ മരണപ്പെട്ടവളാകാൻ തെയ്യാറെടുക്കട്ടെ...
പതിയെ ഉഗ്രപ്രകാശവലയത്തിലേയ്ക്ക് നിശാശലഭമായ് കടന്നുചെല്ലുമ്പോൾ, 
എന്നെ വരവേൽക്കാൻ എനിക്കുമുൻപേ മരിച്ചുപോയ 
എന്റെ സ്വപ്നങ്ങൾ കാത്തുനിൽക്കുന്നുണ്ടാകും.

Friday, July 6, 2012

കാലക്കേടിന്റെ താക്കിത്

മഴത്തുള്ളികൾ ഒന്നിച്ചങ്ങൊളിച്ചുപോയി.  
ഒരുപാടുമോഹങ്ങളും, സ്വപ്നങ്ങളും കൺകോണിണകളിൽ കാർമേഘം പെയ്തു മറഞ്ഞുപോയി, കവിളുകളിലെ നീർച്ചാലുകളിൽ ഇന്നും ബാക്കിയാകുന്നു...ഏതോ മഴയാൽ...നനവാൽ...നനുത്ത കാറ്റിൽ വേദനയുടെ പടവിറങ്ങിപ്പോയ ബാല്യം എന്നും മഴയ്ക്കുവേണ്ടി കരുതിവെച്ചത് പരിഭവങ്ങളുടെ...നൊമ്പരങ്ങളുടെ...നിശ്വാസം മാത്രം.
എന്നിട്ടും മഴ പെയ്തിറങ്ങാൻ മടിച്ചാൽ വരണ്ടമനസ്സിൽ പരാതിയും പിന്നെ ശകാരവും.
നിമിഷങ്ങളിൽ മാറുന്ന മനുഷ്യമനസ്സും മഴയും എന്നും ഒരുപോലെ. ആരേയും ഗൗനിക്കാതെ...ആരുടേം വേദന അറിയാതെ..പെയ്യുകയാണ്, മനുഷ്യന്റെ നിസ്സഹായതയിൽ പ്രകൃതി വരിച്ച ജയമായിത്തന്നെ. കാലക്കേടിന്റെ താക്കീത് നൽകിക്കൊണ്ട് ഇനിയും മഴ പെയ്യുകതന്നെചെയ്യും. അസുന്ദരനായ...നനുത്ത സ്പർശമല്ലാത്ത...ദുഃഖദായിനിയായി. 'മനുഷ്യക്കോലങ്ങൾ, അഹങ്കാരികൾ അനുഭവിക്കട്ടെ' എന്നുറക്കെപുലമ്പി, ഒരു ഭ്രാന്തിയായി പെയ്യുകതന്നെചെയ്യും.

Thursday, July 5, 2012

പ്രതീക്ഷപ്പൂക്കൾ

ഒരു പൂമൊട്ട് വിരിഞ്ഞാൽ 
അത് വെയിലും മഴയും അനുഭവിച്ച് ഒടുവിൽ വാടി, ഇതളുകൾ പൊഴിക്കും. 
മനസ്സിന്റെ പ്രതീക്ഷകൾ പോലെ.
പൂവല്ല, കായോ, ഫലമോ ഇല്ലാത്ത വൃക്ഷങ്ങളാണ് നല്ലത്. 
അധികകാലം പച്ചപ്പോടെ ഇരിക്കാം.